Class 3: ജീവദാതാവായ ദൈവം

Summary
Lesson 1 ജീവന്‍ നല്‍കുന്ന ദൈവം

നമുക്കു ചുറ്റും സംഭവിക്കുന്ന അത്ഭുതപ്രതിഭാസങ്ങളെ നമ്മുടെ ചിന്തക്കു വിഷയമാക്കുകയും ദൈവം നമുക്ക് ജീവന്‍ നല്‍കിയതിന്‍റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. ദൈവത്തില്‍ നിന്നുവന്ന നാം ദൈവത്തില്‍ എത്തിച്ചേരേണ്ടവരാണെന്നും ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം നډകള്‍ ചെയ്ത് ദൈവത്തെ പ്രീതിപ്പെടുത്തണമെന്നുമുളള സന്ദേശമാണ് ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് നല്കേണ്ടത്.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • ജീവനുള്ളവയ്ക്ക് പ്രത്യേകതകളുണ്ട്.
    • നമുക്ക് ജീവന്‍ നല്‍കിയത് ദൈവമാണ്.
    • ദൈവത്തോടൊത്ത് ജീവിക്കുകയാണ് മനുഷ്യന്‍റെ സന്തോഷം.
  2. മനോഭാവങ്ങള്‍
      <
    • ജീവജാലങ്ങളോട് ആദരവും സ്നേഹവും പ്രകടിപ്പിക്കണം.
    • ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം.
    • ദൈവത്തോടൊത്തുള്ള ജീവിതമാണ് യഥാര്‍ത്ഥ സന്തോഷം.
  3. ശീലങ്ങള്‍
    • മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യും.
    • എപ്പോഴും സന്തോഷത്തോടെ പെരുമാറും.
    • ജീവനുള്ളവയെ വേദനിപ്പിക്കാതിരിക്കും.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    സമ്പൂര്‍ണ്ണ ബൈബിള്‍, മനുഷ്യരും ജീവജാലങ്ങളും വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ ഒരു കടലാസുപൂവും ഒരു യഥാര്‍ത്ഥ പൂവും.
  5. പാഠാവതരണം
    കുട്ടികള്‍ക്ക് / മനുഷ്യര്‍ക്ക് / നമുക്ക് എന്തൊക്കെ കഴിവുകളുണ്ട്? ഓടാന്‍, ചാടാന്‍, ചിരിക്കാന്‍, കരയാന്‍, എഴുതാന്‍, അഭിനയിക്കാന്‍, പാട്ടുപാടാന്‍, കൈകൊട്ടാന്‍, കുരിശുവരയ്ക്കാന്‍, കൈകൂപ്പാന്‍… അങ്ങനെ നൂറുകണക്കിന് കാര്യങ്ങള്‍. കുട്ടികള്‍ അവയില്‍ ചിലതെല്ലാം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ. മൃഗങ്ങള്‍ക്ക് / ജീവികള്‍ക്ക് / പക്ഷികള്‍ക്ക് എന്തൊക്കെ കഴിവുകളുണ്ട്? ഓടാന്‍, നീന്താന്‍, പറക്കാന്‍, കുരയ്ക്കാന്‍, ചിലയ്ക്കാന്‍… സസ്യങ്ങള്‍ക്കോ? വളര്‍ന്നു വലുതാവാന്‍, പുഷ്പിക്കാന്‍, ഇലപൊഴിക്കാന്‍…. ജീവനുള്ളതുകൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത്. എങ്കില്‍ ജീവനുള്ളവയുടെ പ്രത്യേകതകള്‍ എന്തൊക്കെ? ചര്‍ച്ചയുടെ തുടര്‍ച്ചയായി പാഠത്തിലേയ്ക്കു പ്രവേശിക്കാം. വിവിധ പ്രവൃത്തികളുടെ ചിത്രങ്ങള്‍ കാണിച്ച്, അവയെക്കുറിച്ച് പറയാന്‍ അനുവദിച്ചാല്‍ കൂടുതല്‍ ആകര്‍ഷകമാകും. ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള താരതമ്യവും ആകാം.
  1. ഉത്തരം കണ്ടെത്താം
    • ജീവനുള്ളവ ചലിക്കുന്നു, ഭക്ഷിക്കുന്നു, വളരുന്നു, പെരുകുന്നു. അവയ്ക്ക് ജനനവും മരണവുമുണ്ട്.
    • സ്നേഹത്തില്‍ വളരാനും ലോകത്തില്‍ നന്മകള്‍ ചെയ്ത് ജീവിക്കാനും അങ്ങനെ സ്വര്‍ഗ്ഗം പ്രാപിക്കാനുമാണ് ദൈവം നമുക്ക് ജീവന്‍ തന്നിരിക്കുന്നത്.
    • ദൈവത്തോടുകൂടെ കഴിയുന്നതാണ് മനുഷ്യന്‍റെ ഏറ്റവും വലിയ സന്തോഷം.
  2. നമുക്കു പ്രാര്‍ത്ഥിക്കാം
    കൈകള്‍ കൂപ്പി, ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥന ചൊല്ലാന്‍ ക്ലാസ്സില്‍ അവസരം നല്‍കണം.
  3. നമുക്ക് പാടാം
    ഒരു ചോദ്യോത്തരപ്പാട്ടാണിത്. രണ്ടുഗ്രൂപ്പായി തിരിഞ്ഞ് പാടാന്‍ അവസരം നല്‍കിയാല്‍ കൂടുതല്‍ ആകര്‍ഷകമാകും. ജീവന്‍, രൂപം, സ്നേഹം എന്നിവയുടെ സ്ഥാനത്ത് വേറെ വാക്കുകള്‍ ചേര്‍ത്ത് വരികളുണ്ടാക്കിപ്പാടുന്നതും നന്ന്.
  4. എഴുതാം
    • അമ്മയുടെ കൂടെ യാത്ര ചെയ്യുമ്പോള്‍. ചോദിക്കുന്ന സാധനങ്ങള്‍ പലതും വാങ്ങിത്തരും.
    • അപ്പച്ചന്‍റെ കൂടെ ചുറ്റും കാണുന്നതിനെക്കുറിച്ചെല്ലാം പറഞ്ഞു തരും. പുതിയ കാഴ്ചകള്‍ കാണിച്ചുതരും.
    • അങ്കിളിന്‍റെ കൂടെ ഇഷ്ടമുള്ള സ്ഥലത്തൊക്കെ കൊണ്ടുപോകും. ഈ വിധത്തില്‍ കുട്ടികള്‍ സ്വതന്ത്രമായി പറയട്ടെ, എഴുതട്ടെ. എന്തുകൊണ്ട് എന്ന് തിരക്കണം. കുട്ടികളുടെ മനോഭാവങ്ങളെ വിലയിരുത്താനും ആവശ്യമെങ്കില്‍ തിരുത്താനും ഇവിടെ അവസരം കിട്ടും.
  5. കഴിഞ്ഞ ആഴ്ച ഞാന്‍ ചെയ്ത നന്മകള്‍
    കൂട്ടുകാരന് എഴുതാന്‍ പെന്‍സില്‍ കൊടുത്തു. ഒരു വല്യപ്പന് വഴി പറഞ്ഞു കൊടുത്തു. പാത്രം കഴുകുവാന്‍ അമ്മയെ സഹായിച്ചു.
    ഈ മാതൃകയില്‍ കുട്ടികള്‍ എഴുതട്ടെ. എഴുതിയ കാര്യങ്ങള്‍ ചെയ്തവയാണെന്ന് ഉറപ്പു വരുത്തണം. എഴുതാതെ വരുന്നവരെ, അടുത്ത ക്ലാസ്സിലേയ്ക്ക് എഴുതാനും അതിനുമുമ്പ് നന്മകള്‍ ചെയ്യാനും പ്രോത്സാഹിപ്പിക്കണം.
  1. പേരിന്‍റെ പേരില്‍
    കുട്ടികളോട് അവര്‍ക്ക് പേരിട്ടത് ആരെന്ന് അന്വേഷിക്കാം. ഓമനപ്പേരുകളും ചോദിച്ചറിയാം. പേരിന്‍റെ അര്‍ത്ഥം ചോദിക്കാം. അറിയാത്തവര്‍ അടുത്ത ക്ലാസ്സില്‍ അറിഞ്ഞുകൊണ്ടു വരട്ടെ. മറ്റുള്ളവരെ കളിപ്പേരിട്ടു വിളിക്കുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്താം.
  2. സന്തോഷപൂര്‍വ്വം
    ‘എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍’ (1 തെസ. 5:16) എന്ന ബൈബിള്‍ഭാഗം കുട്ടികളെ വായിച്ചു കേള്‍പ്പിക്കുക. സന്തോഷസൂചകമായ പാട്ടുകളോ കളികളോ നല്‍കുന്നതും ഉചിതമാണ്.
  3. ഏദന്‍ തോട്ടത്തിലെ സംഭാഷണം
    ദൈവം ഏദന്‍തോട്ടത്തില്‍ വൈകുന്നേരങ്ങളില്‍ ഉലാത്താന്‍ വരും. ആദവും ഹവ്വായും കൂടെ നടക്കും. അവര്‍ എന്തൊക്കെയാവും അപ്പോള്‍ സംസാരിക്കുന്നത്? ദൈവവുമായി അവര്‍ നടത്തുന്ന സംഭാഷണം സങ്കല്‍പ്പിച്ചു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം.
  4. കൂടുതല്‍ ചോദ്യങ്ങള്‍
    • ദൈവം ആദ്യം സൃഷ്ടിച്ചത് എന്തൊക്കെ?
    • എപ്പോഴാണ് മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നത്?
    • എവിടെയാണ് ആദത്തെയും ഹവ്വയെയും ദൈവം പാര്‍പ്പിച്ചത്?
    • എല്ലാ ജീവജാലങ്ങള്‍ക്കും പേരിട്ടത് ആരാണ്?
    • ദൈവത്തോടുകൂടെ ജീവിക്കുമ്പോള്‍ നമുക്ക് എന്തെല്ലാം ഉണ്ടാകും?

Let's do Wonderful things together in the name of Chirst