Class 3: ജീവദാതാവായ ദൈവം

Summary
Lesson 3 പാപം ബന്ധങ്ങളെ തകര്‍ക്കുന്നു

പാപം ബന്ധങ്ങളെ തകര്‍ക്കുന്നു പാപം ചെയ്ത ആദത്തിന്‍റെയും ഹവ്വായുടെയും ജീവിതത്തില്‍ അസ്വസ്ഥതകളാരംഭിച്ചു. അവര്‍ മറ്റുളളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങി.

Download Audio Lessons

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics on the go.

  1. ബോധ്യങ്ങള്‍
    • പാപം ബന്ധങ്ങളെ ശിഥിലമാക്കുന്നു.
    • ദൈവത്തെ വേദനിപ്പിക്കുന്നത് വലിയ തെറ്റാണ്.
    • ദൈവത്തില്‍ നിന്ന് അകലുന്നവന്‍ മനുഷ്യനില്‍ നിന്ന് അകലും.
  2. മനോഭാവങ്ങള്‍
    • എല്ലാവരേയും എന്‍റെ സഹോദരങ്ങളായി കണക്കാക്കണം.
    • സഹോദരങ്ങളെ വേദനിപ്പിക്കാതെ ജീവിക്കണം.
    • ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനായി വര്‍ത്തിക്കണം.
  3. ശീലങ്ങള്‍
    • മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കും.
    • സഹോദരങ്ങളെ ഞാന്‍ സഹായിക്കും.
    • ഒരു കാരണത്താലും സഹോദരങ്ങളെ ഞാന്‍ വെറുക്കുകയില്ല.
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍
    സമ്പൂര്‍ണ്ണ ബൈബിള്‍, ഗുരുവിന്‍റെയും രണ്ടു ശിഷ്യന്മാരുടെയു കഥ, ആബേലിന്‍റെ ബലി, കായേന്‍ ആബേലിനെ കൊല്ലുന്നത് തുടങ്ങിയ ചിത്രങ്ങള്‍.
  5. പാഠാവതരണം
    ഒരു കഥ പറഞ്ഞു തുടങ്ങാം.
    ഗുരുവിന് രണ്ട് ശിഷ്യന്മാര്‍, ഒന്നാമന് രണ്ടാമനോട് അസൂയ തോന്നി. ഇതറിഞ്ഞ ഗുരു ഒരു പരീക്ഷണം നടത്തി. രണ്ടുപേര്‍ക്കും ഓരോ നാണയം കൊടുത്തിട്ട് പറഞ്ഞു. ഇതുകൊണ്ട് കിട്ടാവുന്ന സാധനങ്ങള്‍ വാങ്ങി നിങ്ങളുടെ മുറി നിറയ്ക്കുക. ഗുരു വൈകിട്ട് മുറി കാണാനെത്തി. ഒന്നാമന്‍റെ മുറി ചപ്പുചവറുകള്‍ കൊണ്ട് നിറച്ചിരുന്നു. രണ്ടാമന്‍ ചന്ദനത്തിരിയും മെഴുകുതിരിയും കത്തിച്ച്, സുഗന്ധത്താലും പ്രകാശത്താലും മുറി നിറച്ചു. മനസ്സിലുള്ളത് പ്രവൃത്തിയില്‍ തെളിഞ്ഞു കണ്ടു. ഈ കഥ വിശദമായും ആകര്‍ഷകമായും അവതരിപ്പിക്കണം. ഒന്നാമനും രണ്ടാമനും – കായേനും ആബേലുമായാലോ? അവര്‍ എന്താണ് ചെയ്തത്? ഇനി പാഠത്തിലേയ്ക്ക് കുട്ടികളെ നയിക്കാം.
  1. ഉത്തരം കണ്ടെത്താം
    • ആബേല്‍ തന്‍റെ ആട്ടിന്‍കുട്ടികളില്‍ നല്ലതിനെ നല്‍കിയതുകൊണ്ടാണ് ദൈവം അതു സ്വീകരിച്ചത്.
    • കായേന്‍ ദൈവത്തെ ധിക്കരിച്ചു. ആബേലിനെ വെറുത്തു.
    • എനിക്കറിഞ്ഞുകൂടാ, എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍? എന്നാണ് കായേന്‍ കൊടുത്ത മറുപടി.
  2. പദപ്പെട്ടി
    പദപ്പെട്ടിയിലെ പദങ്ങളെടുത്ത് പൂരിപ്പിച്ചുപറയാന്‍ അവസരം കൊടുത്തിട്ടേ എഴുതാന്‍ അനുവദിക്കാവൂ.
    കായേന്‍
    കാഴ്ച
    ആബേല്‍
    ദൈവം
  3. കളിക്കാം കളിക്കാം
    ഈ കളിയിലെ നിര്‍ദ്ദേശങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ നല്‍കാം. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ കളിയില്‍ നിന്ന് പുറത്താകും. ദൈവം പറയുന്നു ഏഴുന്നേല്‍ക്കുക, ഞാന്‍ പറയുന്നു ഇരിക്കുക, ടീച്ചര്‍ പറയുന്നു എഴുന്നേല്‍ക്കുക, ലീഡര്‍ പറയുന്നു കൈകൊട്ടുക. ‘ദൈവം പറയുന്നു’ എന്നു ചേര്‍ത്തിട്ടുള്ള നിര്‍ദ്ദേശം അനുസരിച്ചേ കുട്ടികള്‍ ചലിക്കാവൂ. ഇതാണ് നിയമം. വേഗത കൂട്ടിയും കുറച്ചും നിര്‍ദ്ദേശങ്ങള്‍ പലതരത്തില്‍ മാറ്റിപ്പറഞ്ഞും കളി ആകര്‍ഷകമാക്കാം.
  4. എന്‍റെ തീരുമാനം
    എങ്ങനെയൊക്കെ സ്നേഹിക്കാനും സഹായിക്കാനും കഴിയുമെന്ന് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യണം. അതില്‍ നിന്ന് ഈ തീരുമാനം രൂപപ്പെടുത്തി കുട്ടികള്‍ക്കു നല്‍കണം. അതു പ്രായോഗികമാക്കാന്‍ പ്രേരിപ്പിക്കണം.
  1. പറയാം പറയാം
    നമ്മള്‍ ആരുടെയൊക്കെ കാവല്‍ക്കാരനാണ്? പറഞ്ഞു നോക്കൂ.
    അപ്പച്ചന്‍, അമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍, അയല്‍ക്കാര്‍…
    നമ്മുടെ കാവല്‍ക്കാര്‍ ആരൊക്കെയാണ്?
    അതും പറഞ്ഞു നോക്കൂ.
  2. കാഴ്ച നല്‍കുമ്പോള്‍
    നാം എന്തൊക്കെയാണ് ദൈവത്തിന് കാഴ്ചയര്‍പ്പിക്കുന്നത്? പണം നേര്‍ച്ചയിടാറുണ്ട്, ചില വസ്തുക്കള്‍ പള്ളിയില്‍ സമര്‍പ്പിക്കാറുണ്ട്. എന്തൊക്കെയാണ് ആ വസ്തുക്കള്‍? കുട്ടികള്‍ അവരുടെ അറിവും അനുഭവവും പങ്കുവയ്ക്കട്ടെ. കാഴ്ച നല്‍കുമ്പോള്‍ ഉണ്ടായിരിക്കേണ്ട മനോഭാവം വിശദീകരിക്കണം.
  3. കൂടുതല്‍ ചോദ്യങ്ങള്‍
    • പാപത്തിന്‍റെ ഫലമായി ആദിമാതാപിതാക്കള്‍ക്ക് നഷ്ടമായത് എന്തൊക്കെ?
    • ആദത്തിനും ഹവ്വായ്ക്കും ജനിച്ച പുത്രന്മാര്‍ ആരെല്ലാം?
    • ആബേലിനെ കൊന്ന കായേന്‍ താമസിച്ചത് എവിടെയാണ്?
    • നാം എപ്പോഴൊക്കെയാണ് ദൈവത്തെ വേദനിപ്പിക്കുന്നത്?
    • മനുഷ്യന്‍റെ ഏറ്റവും വലിയ തെറ്റ് എന്താണ്?

Let's do Wonderful things together in the name of Chirst